അനോമലി കമ്മിറ്റിയെവിടെ ?

അധികാരത്തിലെത്തിയപ്പോഴെല്ലാം അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണ തത്വം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാര്‍ ശമ്പളപരിഷ്കരണത്തിലെ അനോമലികള്‍ പരിഹരിക്കാനുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം തന്നെ മരവിപ്പിച്ചിരിക്കുകയാണിപ്പോള്‍. മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിക്കൊണ്ട് 2009ല്‍ ശമ്പളപരിഷ്കരണം നടപ്പിലാക്കിയപ്പോള്‍ത്തന്നെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനോമലി കമ്മിറ്റിയേയും നിയമിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ ഓഫീസ് പോലുമില്ലാത്ത അവസ്ഥയാണുള്ളത്. അനോമലി കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സമയബന്ധിതമായി അപാകതകള്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് കെ എസ് ടി എ ഉപജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. പട്ടാമ്പി എ ഇ ഒ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന കമ്മിറ്റിയംഗം പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം കെ ജയകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.മണികണ്ഠന്‍, പ്രസന്നകുമാര്‍, അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണ്ണയോടനുബന്ധിച്ച് അദ്ധ്യാപക പ്രകടനവുമുണ്ടായി.

No comments: