കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിലോമനയങ്ങള്‍ക്കെതിരെ ഡിസംബര്‍ 2ന് പാര്‍ലമെന്റ് മാര്‍ച്ച്

കേന്ദ്രസര്‍ക്കാര്‍നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നമ്മുടെ ഫെഡറല്‍ സംവിധാനത്തെത്തന്നെ തകര്‍ക്കുന്നതാണ്. കൊട്ടിഘോഷിച്ചുകൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം ആറ് വയസ്സിനും പതിനാല് വയസ്സിനുമിടയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ആറുവയസിന് താഴെയും പതിനാല് വയസിന് മുകളിലുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചിന്തിച്ചിട്ടുപോലുമില്ല. എലിമെന്ററി വിദ്യാഭ്യാസം നല്‍കാനുള്ള പൂര്‍ണ്ണബാധ്യതപോലും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. നിലവിലുള്ള പൊതുസംവിധാനത്തെക്കൂടി സ്വകാര്യവല്‍ക്കരിക്കുന്ന പി.പി.പി നയം നടപ്പാക്കുന്നു. സവിശേഷമായ പ്രാദേശിക സ്ഥിതികള്‍കൂടി പരിഗണിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്ത് നിയമനിര്‍മ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശംപോലും ഇല്ലാതാവുന്നു. കേന്ദ്രവിദ്യാഭ്യാസ നിയമത്തെക്കാള്‍ പതിന്മടങ്ങ് സമഗ്രവും ശാസ്ത്രീയവുമായ കേരളവിദ്യാഭ്യാസ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിദേശസര്‍വ്വകലാശാല നിയമം ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ രംഗത്തുകൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിനും വിദ്യാഭ്യാസക്കച്ചവടത്തിനും വഴിതുറക്കുന്നവയാണ്. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം എടുത്തുകളയുന്നതിനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത്തരം നടപടികള്‍ക്കെതിരെ സ്കൂള്‍-കോളേജ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും യുവജനങ്ങളും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 2 ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ അധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു.


ആവശ്യങ്ങള്‍
1. വിദ്യാഭ്യാസവിഹിതം ജി.ഡി.പി യുടെ 6% ആയി ഉയര്‍ത്തുക.
2. പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ
പരിധിയില്‍ കൊണ്ട് വരുക
3. നിയമം നടപ്പിലാക്കുന്നതിനാവശ്യമായ മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുക.
4. കൂടുതല്‍ പൊതുവിദ്യാലയങ്ങള്‍ അനുവദിക്കുക.
5.സ്ഥിരം അധ്യാപകരെ നിയമിക്കുക. പലസംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന
നിയമനനിരോധനം പിന്‍വലിക്കുക.
6. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ-പൊതുപങ്കാളിത്ത പരിപാടി (പി.പി.പി) ഉപേക്ഷിക്കുക.
7. ഉന്നതവിദ്യാഭ്യാസരംഗത്ത് സാമ്പത്തികവും-സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഫീസിളവ് നല്‍കുക.
8. സ്വാശ്രയസ്ഥാപനങ്ങളില്‍ സാമൂഹികനിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര നിയമം
കൊണ്ട് വരുക
9. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക്
ഭരണഘടനാദത്തമായ സംവരണം അനുവദിക്കുക.
10. വിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന വിദേശനിക്ഷേപം ഒഴിവാക്കുക.
11. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരമുയര്‍ത്തുക. വിദൂരവിദ്യാഭ്യാസത്തെ കച്ചവടമാക്കാതിരിക്കുക.
12. നിലവിലുള്ള അക്രഡിറ്റേഷന്‍ സംവിധാനം ഉപേക്ഷിക്കുക. കോളേജുകളുടെ
ഗുണനിലവാരം ഉയര്‍ത്താന്‍ സുതാര്യവും ജനാധിപത്യപരവുമായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുക.
13. വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ അവകാശങ്ങള്‍ നിലനിര്‍ത്തുക.
14. നയരൂപീകരണസമിതികളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുക.

No comments: