ഹെഡ്മാസ്റ്ററുടെ വയറ്റത്തടിക്കുന്ന ഉച്ചക്കഞ്ഞിനാടോടിക്കാറ്റ് സിനിമയില്‍ ദാസനും വിജയനും ചേര്‍ന്ന് വീട് വാടകയ്ക്ക് എടുക്കാന്‍ പോകുന്ന രംഗം കണ്ടിട്ടില്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. കൊട്ടാരക്കര ബോബിയുടെ ബ്രോക്കര്‍ കഥാപാത്രത്തോട് കാര്‍പോര്‍ച്ചും പൂന്തോട്ടവും മൂന്ന് ബെഡ്‌റൂമുകളും കുളിമുറിയും കിച്ചണും ഉള്ള വിശാലമായ വാടക വീട് കിട്ടിയാല്‍ 150 രൂപ വാടകകൊടുക്കാമെന്ന് പറഞ്ഞ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കഥാപാത്രങ്ങളെക്കാള്‍ കഷ്ടമാണ് കേരളത്തിലെ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ കഥ. കഥാനായകന്‍ ഉച്ചക്കഞ്ഞിയാണ്.

എല്ലാ കുട്ടികള്‍ക്കും ഉച്ചയ്ക്ക് സുഭിക്ഷമായി ഭക്ഷണം കൊടുക്കണമെന്ന വാശിയാണ് മാറിമാറി വരുന്ന ഓരോ സര്‍ക്കാരുകള്‍ക്കും. സര്‍ക്കാര്‍ അതാത് കാലത്ത് വേണ്ട ഉത്തരവുകളിടും. പിള്ളേര്‍ക്ക് മുടങ്ങാതെ കഞ്ഞികിട്ടണം. കഞ്ഞിയെങ്ങാനും മുടങ്ങിയാല്‍ ഹെഡ്മാസ്റ്ററുടെ ഹെഡ്ഡ് തെറിക്കും. ഇപ്പോള്‍ കുട്ടികള്‍ക്ക് പോഷകം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മുട്ടയും പാലും നല്‍കുന്നുണ്ട്. പാലിന്റെ കഥ മില്‍മയുടെ ചെയര്‍മാന്‍ അടുത്തിടെ പത്രങ്ങളില്‍ കൂടി അറിയിച്ചത് വായനക്കാര്‍ മറന്നുകാണുമെന്ന് കരുതുന്നില്ല.

തമിഴ്‌നാട്ടില്‍ നിന്ന് മുട്ട മുടങ്ങാതെ വരുന്നതിനാല്‍ കുട്ടികള്‍ക്ക് ഇപ്പോഴും മുട്ട കിട്ടുന്നുണ്ടെന്നാണ് അറിവ്. ഇനി കഞ്ഞിക്കഥയുടെ വിശദാംശത്തിലേക്ക് കടക്കാം. കഞ്ഞിയെങ്ങനെ ഹെഡ്മാസ്റ്റര്‍മാരുടെ വയറ്റത്തടിക്കുന്നുവെന്നത് ഒരു നീണ്ട പ്രസംഗത്തിന് തന്നെ സ്‌കോപ്പുണ്ട്, ചുരുക്കിപ്പറയാം. സര്‍ക്കാര്‍ അനുവദിക്കുന്ന തുച്ഛമായ തുക വിനിയോഗിച്ച് ഉച്ചഭക്ഷണവിതരണം എങ്ങനെ നടത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഹെഡ്മാസ്റ്റര്‍മാര്‍. സ്‌കൂളുകളില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പ്രധാനാധ്യാപകര്‍ പാലും മുട്ടയും പച്ചക്കറിയും വാങ്ങാന്‍ ദിവസവും ചന്തയില്‍ പോകേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. കടം പറയേണ്ട കേസായതിനാല്‍ സഹാധ്യാപകരുടെ ഭാഗത്തുനിന്ന് ഒട്ടും വിട്ടുവീഴ്ച
പ്രതീക്ഷിക്കേണ്ട. ഹെഡ്മാസ്റ്റര്‍ തന്നെ ചാക്കും കന്നാസുമായി പോകണം.

നേരത്തേ ഉച്ചഭക്ഷണ വിതരണത്തിന് അരിയും പയറും വിദ്യാലയങ്ങളില്‍ സിവില്‍ സപ്ലൈസ് വഴി ലഭ്യമാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് ജൂലൈ ഒന്നു മുതല്‍ അരി മാത്രമാണ് വിദ്യാലയങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകളില്‍നിന്നും മാവേലി സ്റ്റോറുകളില്‍നിന്നും അനുവദിക്കുന്നത്. ഉച്ചഭക്ഷണ വിതരണത്തിനായി വാങ്ങൂന്ന മറ്റു സാധനങ്ങളുടെ വില
സ്‌കൂള്‍ അധികൃതര്‍ നേരിട്ട് നല്‍കണം. മൊത്തം തുക കൂട്ടിവച്ചാല്‍ എന്നെങ്കിലും കിട്ടിയെങ്കിലായി.

പാല്‍, മുട്ട, പച്ചറികള്‍ എന്നിവ കുട്ടികള്‍ക്കുള്ള ഭക്ഷണക്രമത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠപ്പുസ്തകത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഉച്ചയ്ക്ക് കിട്ടുന്ന വിഭവങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരാണ്. ഏതെങ്കിലും ഐറ്റം കുറഞ്ഞാല്‍ ഹെഡ്മാസ്റ്ററെ ഘെരാവോ ചെയ്യും കുട്ടികള്‍. ഉച്ചഭക്ഷണം സാര്‍വ്വത്രികമാണ്, എല്ലാകുട്ടികള്‍ക്കും അത് കൊടുക്കുന്നുണ്ട്. നൂറ് കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ ഓരോ കുട്ടിക്കും പ്രതിദിനം നാല് രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.

101 മുതല്‍ 500 വരെ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ ഓരോ കുട്ടിക്കും പാചകക്കൂലിയടക്കം അഞ്ചുരൂപയാണ് നല്‍കുക. 501ന് മുകളില്‍ കുട്ടികളുളള വിദ്യാലയങ്ങളില്‍ 500 വരെ കുട്ടികള്‍ക്ക് ദിവസം അഞ്ച് രൂപയും അതിനു മുകളില്‍ ഓരോ കുട്ടിക്കും നാല് രൂപയുമാണ് പാചകക്കൂലിയടക്കം അനുവദിക്കുക. 100 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ പാചക തൊഴിലാളികളുടെ വേതനം ദിവസം 150 രൂപയാണ്. ഇതിലധികം വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ 150ലും അധികമുള്ള ഓരോ കുട്ടിക്കും 25 പൈസ
കണക്കാക്കി പരമാവധി 200 രൂപയാണ് കൂലി.

സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗത്തിലും ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ള കുട്ടികള്‍ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ബദല്‍ സ്‌കൂളുകളിലെയും ബൂദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ അംഗീകാരത്തോടെ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്കു പുറമെ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പഠിതാക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

കുട്ടികള്‍ക്ക് പാലും മുട്ടയും പച്ചക്കറികളും അടക്കം പോഷകസമൃദ്ധമായ ആഹാരം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഇതിനായി അനുവദിക്കുന്ന തുക തീര്‍ത്തും അപര്യാപ്തമാണെന്ന് ഉത്തരവ്  ഇറക്കിയവര്‍ക്കുപോലും അറിയാം.  ഓരോ കുട്ടിക്കും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനുസരിച്ച് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാന്‍ ദിവസം 20 രൂപയെങ്കിലും വേണമെന്നിരിക്കെയാണ് നാലും അഞ്ചും രൂപ അനുവദിക്കുന്നതെന്നാണ് അവരുടെ പരാതി.

പൊതുവിപണിയില്‍ ചായക്ക് രൂപ ആറായി. ചായയുടെ കൂടെ ഒരു കടി കൂടി വേണമെങ്കില്‍ പിന്നെയും രൂപ ആറ് കൊടുക്കണം. ഒരു തല്ലിപ്പൊളി ഊണിന് ഹോട്ടലില്‍ കുറഞ്ഞത് 20 രൂപ കൊടുക്കണം. ഈ അവസ്ഥയിലാണ് ഹെഡ്മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍ക്ക് പാലും മുട്ടയും പച്ചക്കറിയും പയറുതോരനും അടക്കം നാല് രൂപയ്ക്കു ഉച്ചഭക്ഷണം കൊടുക്കുന്നത്. ഇതാണ് യഥാര്‍ത്ഥ മാജിക്.മാജിക് നടത്തി കടം വരുത്തി വെക്കാന്‍ തയ്യാറല്ല എന്ന പരസ്യ പ്രഖ്യാപനം പ്രഥമാധ്യാപകര്‍ നടത്തുന്നതില്‍  കുററം പറഞ്ഞിട്ട്  കാര്യമുണ്ടോ?വിദ്യാഭ്യാസ വകുപ്പിലെ തല തിരിഞ്ഞ പരിഷ്കാരങ്ങള്‍ പാവപ്പെട്ട കുട്ടിയുടെ കഞ്ഞിയില്‍ പാറ്റ വീഴ്ത്തിയിട്ടും ഉളുപ്പില്ലാതെ മുഖ്യന്റെ മുഖവും  പേറി ചില സംഘടനക്കാര്‍ ചുറ്റിത്തിരിയുന്നത്
കാണുമ്പൊള്‍ കഷ്ടം തോന്നുന്നു.

No comments: