2002 ആവര്‍ത്തിക്കുവാനോ ധവളപത്രം ?

 •  
 • യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ധനസ്ഥിതി വ്യക്തമാക്കാനെന്ന പേരില്‍ അവതരിപ്പിച്ച ധവളപത്രം സംസ്ഥാനത്ത് വീണ്ടും നവലിബറല്‍ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ്. 2001 ല്‍ ധവളപത്രത്തിന്റെ മറവില്‍ ജനങ്ങളുടെ മേല്‍ കടുത്ത ഭാരമടിച്ചേല്‍പ്പിച്ചതിന്റെ തനിയാവര്‍ത്തനമാണിത്. സമ്പന്നപക്ഷ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങാനുമുള്ള മറയാണ് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ ധവളപത്രം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ധനകാര്യ മാനേജ്മെന്റിനെ താറടിച്ചു കാണിക്കാനാണ് ധവളപത്രത്തിലുടനീളം ശ്രമിക്കുന്നത്. വസ്തുതാപരമായ എതിര്‍വാദമുഖങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പോലും തയ്യാറാകാതെ അതില്‍ നിന്നും ഒളിച്ചോടുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ .
  രാഷ്ട്രീയമായ സത്യസന്ധതയുടെ തരിമ്പെങ്കിലുമുണ്ടായിരുന്നെങ്കില്‍ 2001-2006 കാലത്തെ യു.ഡി.എഫ് ഭരണത്തിലെ കേരളത്തിന്റെ ധനസ്ഥിതിയും 2006-2011 ലെ എല്‍ഡിഎഫ് ഭരണത്തിലെ കേരളത്തിന്റെ ധനസ്ഥിതിയും താരതമ്യം ചെയ്ത് കേരളത്തിന്റെ വളര്‍ച്ച വ്യക്തമാക്കണമായിരുന്നു. അതിന് മുതിരാതിരുന്നത് കേരളത്തിന്റെ ധനസ്ഥിതി യുഡിഎഫ് ഭരണത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന തിരിച്ചറിഞ്ഞാണ്. 2001-2006 ലെ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തെ സമസ്ത മേഖലയിലും തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. നവ ഉദാരവത്കരണ നയങ്ങള്‍ കേരള സമ്പദ് ഘടനയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തി. യുഡിഎഫ് ഭരണകാലത്ത് ഉപേക്ഷിച്ച കേരള മോഡല്‍ വികസനം വീണ്ടെടുക്കാനും ശക്തിപ്പെടുത്താനുമാണ് 2006 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ജീവനക്കാര്‍ , അധ്യാപകര്‍ , തൊഴിലാളികള്‍ , ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളോടും യുദ്ധം പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ യാഥാസ്ഥിതിക ധനമാനേജ്മെന്റില്‍ നിന്നും വ്യത്യസ്തമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും പരമാവധി ആശ്വാസം നല്‍കിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്.
  ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക തീര്‍ക്കുന്നതിനും ക്രമാനുഗതമായി അത് വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ-ആരോഗ്യ മേഖല അടക്കമുള്ള സര്‍വ്വീസ് മേഖലകള്‍ക്ക് കൂടുതല്‍ പണം മുടക്കുന്നതിനും തുടര്‍ച്ചയായി 5 വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. കേരളത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഇവിടുത്തെ ജനങ്ങളും ഭരണകര്‍ത്താക്കളുമാണെന്ന വാദം അബദ്ധജടിലമാണ്. ആത്യന്തികമായി സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സൗണ്ട് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് എന്നത് സമ്പന്നരെ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ്. രണ്ട് പതിറ്റാണ്ടു മുമ്പ് ധനകാര്യ മന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നടത്തിയ പ്രഖ്യാപനം ഇപ്പോഴും പ്രസക്തമാണ്. &ഹറൂൗീ;ക മാ ുഹമരശിഴ ലരീിീാശരെ യലളീൃല ുീഹശശേരെ&ൃറൂൗീ; എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഓരോ സാമ്പത്തിക നടപടിക്കും സാമൂഹ്യ-രാഷ്ട്രീയ മാനങ്ങളുണ്ട്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ എവിടെ കൊണ്ടു ചെന്നെത്തിച്ചു എന്നത് ചരിത്രമാണ്. 2002 ജനുവരി 16 ന്റെ കറുത്ത ഉത്തരവിലൂടെ സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ധവളപത്രത്തെയാണ് ഉപയോഗപ്പെടുത്തിയത്. പുതിയതായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രം നല്‍കിയാല്‍ മതിയെന്നും ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. ജീവനക്കാരുടെ ഭവനവായ്പാ പദ്ധതിയും വാഹനവായ്പാ പദ്ധതിയും ഉപേക്ഷിച്ചു. സിവില്‍ സര്‍വ്വീസില്‍ 80,000 ല്‍ ഏറെ തസ്തികകള്‍ അധികമാണെന്ന് കണ്ടെത്തി. വിവിധ വകുപ്പുകളിലായി 11,658 തസ്തികകള്‍ നിര്‍ത്തലാക്കി. 18,652 തസ്തികകള്‍ കൂടി നിര്‍ത്തലാക്കുന്നതിന് ശുപാര്‍ശ ചെയ്തു (ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെയും പ്രക്ഷോഭത്തെയും തുടര്‍ന്ന് ശുപാര്‍ശ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചു). ഒഴിവുള്ള തസ്തികകളില്‍ പുതിയ നിയമനം വേണ്ടെന്നു വച്ചു. പ്രമോഷനുകള്‍ നിഷേധിച്ചു. 5 വര്‍ഷ ശമ്പള പരിഷ്കരണ തത്വം അട്ടിമറിച്ചു. 1.3.2002 മുതല്‍ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം നിഷേധിച്ചു. ഇന്ത്യയില്‍ ആദ്യമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.
  2001ല്‍ ധവളപത്രം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനം ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടുക്കുറയ്ക്കണമെന്നതായിരുന്നു. ശമ്പള പരിഷ്ക്കരണ, പെന്‍ഷന്‍ കുടിശ്ശികകള്‍ അനുവദിച്ചതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഇപ്പോഴത്തെ ധവളപത്രത്തിലെയും പരാമര്‍ശം. 01.03.2002 ല്‍ നടപ്പിലാക്കേണ്ട സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 27 മാസക്കാലം നീട്ടിക്കൊണ്ടുപോവുകയും 37 മാസത്തെ കുടിശ്ശിക നിഷേധിക്കുകയും ചെയ്തത് ഈ സമീപനത്തിന്റെ ഭാഗമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. റവന്യൂ ചെലവിന്റെ ഗണ്യമായ ഭാഗം ശമ്പളത്തിനും, പെന്‍ഷനുമായി മാറ്റിവയ്ക്കുന്നു എന്നതാണ് മറ്റൊരു ആക്ഷേപം. സംസ്ഥാനത്തിന്റെ വരുമാനം എല്‍ .ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗണ്യമായി ഉയര്‍ന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഇതിനനുസൃതമായി ചെലവുകളും വര്‍ദ്ധിച്ചുവത്രെ? കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വിലക്കയറ്റത്തിന് അനുസൃതമായി ക്ഷാമബത്ത വര്‍ദ്ധന കൊടുക്കേണ്ടി വന്നതാണ് യഥാര്‍ത്ഥത്തില്‍ റവന്യൂ ചെലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ഒരു കാരണം എന്നത് യുഡിഎഫ് മറച്ചു വയ്ക്കുന്നു. ചുരുക്കത്തില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പോലെയുള്ള ഉത്പ്പാദനക്ഷമമല്ലാത്ത ചെലവുകള്‍ വെട്ടി കുറയ്ക്കണമെന്ന നിര്‍ദ്ദേശം 2002 ന്റെ തനിയാവര്‍ത്തനമാണ്. ധവളപത്രത്തില്‍ ശമ്പള - പെന്‍ഷന്‍ പരിഷ്കരണ ബാദ്ധ്യത 4825 കോടി രൂപയായാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതിന് വേണ്ടിവരുന്ന അധികതുക എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2006 ല്‍ നടപ്പാക്കിയ 8-ാം ശമ്പള പരിഷ്കരണത്തിന് വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ നാമമാത്രമായ തുകയാണ് ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ശമ്പള പരിഷ്കരണത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുത്തത്.
  2006 ല്‍ യുഡിഎഫ് സര്‍ക്കാര്‍ 3 ഗഡു ക്ഷാമബത്ത കുടിശ്ശികയാക്കിയാണ് അധികാരം ഒഴിഞ്ഞത്. ഇപ്പോഴാകട്ടെ ഒരു ഗഡുപോലും ക്ഷാമബത്ത കുടിശ്ശികയില്ല. 13-ാം കേന്ദ്ര ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊണ്ടില്ല എന്നതാണ് യു.ഡി.എഫ് ധവളപത്രത്തിലെ പ്രധാന ആക്ഷേപം. സംസ്ഥാന ജീവനക്കാരുടെ അംഗ സംഖ്യ ഗണ്യമായി വെട്ടിക്കുറയ്ക്കുക, സ്ഥിര നിയമനങ്ങള്‍ ഒഴിവാക്കുക, കോണ്‍ട്രാക്ട് /കാഷ്വല്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സമയബന്ധിത ശമ്പള പരിഷ്കരണം ഉപേക്ഷിക്കുക,സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്കു പകരം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടങ്ങിയ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങളാണ് 13-ാം ധനകാര്യ കമ്മീഷന്‍ മുന്നോട്ടു വച്ചത്. സിവില്‍ സര്‍വ്വീസിനേയും ജീവനക്കാരേയും പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളെ തള്ളിക്കളയുകയും ജനപക്ഷ നയങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ശമ്പള പരിഷ്കരണത്തിന്റേയും പെന്‍ഷന്റേയും അധിക ബാധ്യതകളെപ്പറ്റിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്കണ്ഠ മുന്‍കാലങ്ങളിലേതുപോലെ തന്നെയാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ കേരളത്തിലെ ജീവനക്കാര്‍ക്ക് മറക്കാന്‍ കഴിയുകയില്ല. ധവളപത്രത്തിന്റെ മറവില്‍ 2002 ആവര്‍ത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
  ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

No comments: